Monday, December 25, 2017

ദര്‍സുല്‍ ഹദീസ് 6


عن عائشة رضي الله عنها قالت :سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ هَذِهِ الْآيَةِ : ( وَالَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ ) قَالَتْ عَائِشَةُ : أَهُمْ الَّذِينَ يَشْرَبُونَ الْخَمْرَ وَيَسْرِقُونَ ؟ قَالَ : لَا يَا بِنْتَ الصِّدِّيقِ ! وَلَكِنَّهُمْ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ وَهُمْ يَخَافُونَ أَنْ لَا يُقْبَلَ مِنْهُمْ أُولَئِكَ الَّذِينَ 
يُسَارِعُونَ فِي الْخَيْرَاتِ رواه الترمذي 

   ആഇശാ റ വിവരിക്കുന്നു.മനസ്സുകൾ പേടിച്ചുവിറച്ചവരായ നിലയിൽ അവർ ദാനം ചെയ്യുന്നവരാകുന്നു എന്ന ആയത്തിനെക്കുറിച്ച് ഞാൻ റസൂലുല്ലാഹി (സ) യോട് ചോദിച്ചു. അവർ മദ്യപാനികളും മോഷ്ടാക്കളുമാണോ റസൂലുല്ലാഹി (സ) അരുളി. സിദ്ദീഖിന്റെ മകളേ അല്ല മറിച്ച് നോമ്പനുഷ്ഠിക്കുകയും നമസ്കരിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ചെയ്യുന്നതോടൊപ്പം അവരുടെ ഈ നന്മകൾ സ്വീകരിക്കപ്പെടാതെ തള്ളപ്പെടുമോ എന്ന് ഭയക്കുന്ന വിനീത ദാസന്മാരണവർ. നന്മകളിലേക്ക് വേഗത്തിൽ ഓടിയടുക്കുന്നവർ അവർ തന്നെയാണ്.തിർമിദി, ഇബ്നുമാജ

വിവരണം:പരിശുദ്ധഖുർആനിലെ മുഅ്മിനൂൻ സൂറത്തിൽ നന്മകളിലേക്ക് വേഗത്തിൽ മുന്നേറുന്ന സൗഭാഗ്യവാന്മാരെക്കുറിച്ച് വിവരിക്കുന്നുണ്ട്. മനസ്സുകൾ ഭയന്നുവിറച്ചവരായ നിലയിൽ അവർ ദാനധർമ്മങ്ങൾ ചെയ്യുന്നവരാണ്. എന്നതാണ് അതിലെ ഒരു വിശേഷണം. ആഇശ സിദ്ദീഖഃ റ ഈ ആയത്തിനെക്കുറിച്ച് റസൂലുല്ലാഹി (സ) യോട് ചോദിച്ചു. ദുഷ്പ്രേരണ നിമിത്തം പാപങ്ങൾ പ്രവർത്തിക്കുകയും അതിന് ശേഷം പടച്ചവനെ ഭയന്ന് കഴിയുകയും ചെയ്യുന്നവരാണോ ഇതുകൊണ്ടുള്ള വിവക്ഷ?
റസൂലുല്ലാഹി (സ) മറുപടി അരുളി അവരല്ല മറിച്ച് നന്മകളിൽ നിരതരായ വിനീതദാസന്മാരാണ് അതുകൊണ്ടുള്ള ഉദ്ദേശം. നമസ്കാരം, നോമ്പ്,  സകാത്ത് മുതലായ സൽകർമ്മങ്ങൾ അനുഷ്ഠിക്കുന്നതോടൊപ്പം തങ്ങളുടെ ഈ കർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമാകുമോ എന്ന ഭയാശങ്കകളിൽ കഴിഞ്ഞുകൂടുന്നവരാണവർ. തുടർന്ന് അരുളി: മനസ്സിലെ ഈ ചിന്തയും ഭയവും അന്തിമവിജയത്തിൽ കൊണ്ടെത്തിക്കുന്നു.
  അല്ലാഹുവിന്റെ ഗൗരവവും ധന്യതയും അത്യന്തം ഭയക്കേണ്ടതാണെന്നും എത്ര വലിയ ഇബാദത്തുകൾ അനുഷ്ഠിച്ചാലും സമാധാനപ്പെട്ടിരിക്കരുതെന്നും എന്റെ എന്തെങ്കിലും വീഴ്ചകൾ കാരണം എന്റെ നന്മകൾ മുഖത്തേക്ക് തന്നെ തിരിച്ച് എറിയപ്പെടുമോ എന്ന ഭയം നിലനിറുത്തണമെന്നും ഈ ഹദീസ് ഉണർത്തുന്നു. മനസ്സിനകത്തെ ഈ ഭയത്തിനനുസരിച്ച് ദാസൻ വിജയമോക്ഷങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതാണ്.

ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.

Sunday, December 17, 2017

ദര്‍സുല്‍ ഹദീസ് 5


عَنْ أَبِي هُرَيْرَةَ رضي اله عنه اَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: أَلَا إِنَّ الدُّنْيَا مَلْعُونَةٌ مَلْعُونٌ مَا فِيهَا إِلَّا ذِكْرُ اللَّهِ وَمَا وَالَاهُ وَعَالِمٌ أَوْ مُتَعَلِّمٌ   
رَوَاهُ الترمذي 

അബൂഹുറൈറ(റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി. അറിയുക, ദുന്‍യാവും അതിലുള്ള വസ്തുക്കളും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകറ്റപ്പെട്ടതാണ്.അല്ലാഹുവിന്റെ സ്മരണ, അല്ലാഹുവുമായി ഏതെങ്കിലും നിലയില്‍ ബന്ധമുള്ള വസ്തു, പണ്ഡിതന്‍, വിദ്യാര്‍ത്ഥി എന്നിവയൊഴികെ. (തിര്‍മിദി) 

 വിവരണം: അല്ലാഹുവില്‍ നിന്നും അശ്രദ്ധമാക്കുന്ന ഒന്നാണ് ദുന്‍യാവ്. അതിനോടുള്ള താല്‍പര്യം കാരണമായി ധാരാളം സാധുക്കള്‍ അല്ലാഹുവിനെയും ആഖിറത്തിനെയും മറന്നുപോകുന്നതാണ്. അതുകൊണ്ട് ദുന്‍യാവ് അത്യന്തം നിന്ദ്യമാണ്. അല്ലാഹുവിന്റെ വിശാലമായ അനുഗ്രഹത്തില്‍ അതിന് യാതൊരു പങ്കുമില്ല. എന്നാല്‍ അല്ലാഹുവിന്റെ സ്മരണയും അവനുമായി ബന്ധമുള്ള വസ്തുക്കളും വിശിഷ്യാ ദീനീവിജ്ഞാനം വഹിച്ചവരും അത് പഠിക്കുന്നവരും അല്ലാഹുവിന്റെ കാരുണ്യത്തിന് പാത്രീഭൂതരാണ്.
 ചുരുക്കത്തില്‍ അല്ലാഹുവുമായോ ദീനുമായോ നേരിട്ടോ അല്ലാതെയോ ബന്ധമുള്ള കര്‍മ്മങ്ങളും വസ്തുക്കളും മാത്രമാണ് അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹമായ വസ്തുക്കള്‍.അല്ലാഹുവും ദീനുമായി യാതൊരു ബന്ധവുമില്ലാത്ത വെറും ദുന്‍യാവുമായി മാത്രം ബന്ധമുള്ള വസ്തുക്കള്‍ എല്ലാം അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും അകന്നതും ശാപത്തിന് അര്‍ഹവുമാണ്. ഇത്തരുണത്തിന് അല്ലാഹുവിന്റെ സ്മരണയുമായോ അല്ലാഹുവുമായോ ദീനീ അറിവുമായോ ഒരു ബന്ധവുമില്ലെങ്കില്‍ അത് കാരുണ്യത്തിന് അര്‍ഹതയില്ലാത്തതും ശാപത്തിന് യോഗ്യവുമാണ്.

                                                                              (അവലംബം: മആരിഫുല്‍ ഹദീസ് പേജ്: 277,278)



ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.

Monday, November 20, 2017

ദര്‍സുല്‍ ഹദീസ് 4


عَنْ أَنَسٍ رَضِيَ اللّه عَنْهُ عَنِ النَّبِيِّ صَلَّى اللّه عَلَيْهِ وَسَلَّمَ قال: " لا يُؤْمِنُ أَحَدُكُمْ حَتَّى 
أَكونَ أحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِه وَالنَّاسِ أَجْمَعينَ ". (متفق عليه

അനസ് (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും മറ്റ് ജനങ്ങളേക്കാളും എന്നെ സ്‌നേഹിക്കുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി, മുസ്‌ലിം).

വിവരണം: ലോകത്തുള്ള മുഴുവൻ ജനങ്ങളേക്കാളും, എത്രത്തോളമെന്നാൽ സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുമ്പോൾ മാത്രമാണ് ഒരു മുസ്ലിം പൂർണ്ണ മുഅ്മിൻ ആകുന്നത്. ഇതാണ് ഹദീസിന്റെ ആശയം. മറ്റൊരു ഹദീസിൽ ഈമാനിന്റെ മാധുര്യം അനുഭവിക്കുന്നതിനുള്ള നിബന്ധനയായി മറ്റു വസ്തുക്കളെക്കാൾ അധികം അല്ലാഹുവിനെയും അവന്റെ റസൂലിനെയും അവന്റെ ദീനിനെയും സ്‌നേഹിക്കണമെന്ന് പറയപ്പെട്ടിരിക്കുന്നു. ഇവിടെ അല്ലാഹുവിന്റെ റസൂലിനോടുള്ള സ്‌നേഹം മാത്രമാണ് പറയപ്പെട്ടത്. ഇവയിൽ ഒന്നിനോട് സ്‌നേഹമുണ്ടാകാതെ മറ്റുള്ളവയോട് സ്‌നേഹമുണ്ട്ാവുകയില്ല എന്നത് കൊണ്ടാണിത്.റസൂലുല്ലാഹി (സ)യോട് സ്‌നേഹമുണ്ടാകാതെ അല്ലാഹുവിനോടും അവന്റെ ദീനിനോടും സ്‌നേഹമുണ്ടാവുകയില്ല. തിരിച്ച് അല്ലാഹുവിനോടും അവന്റെ ദീനിനോടും സ്‌നേഹമുണ്ടാകാതെ റസൂലുല്ലാഹി (സ)യോടുള്ള സ്‌നേഹം സങ്കല്പിക്കാനാവുകയില്ല. കാരണം നമുക്ക് അല്ലാഹുവിനോടുള്ള ബന്ധവും സ്‌നേഹവും കൊണ്ടാണ് അവന്റെ റസൂൽ എന്ന നിലയിൽ നാം റസൂലുല്ലാഹി (സ)യെ സ്‌നേഹിക്കുന്നത്. ഇസ്‌ലാമിനോട് സ്‌നേഹമുണ്ടാകുന്നത് ഇതിന്റെ സ്വാഭാവിക പരിണിത ഫലമാണ്. അതിനാലാണ് ഈ ഹദീസിൽ ഈമാൻ പരിപൂർണ്ണമാകുന്നതിനുള്ള നിബന്ധനയായി റസൂലുല്ലാഹി (സ)യോടുള്ള സ്‌നേഹം മാത്രം പറയപ്പെട്ടത്. 
ഹദീസ് വ്യാഖ്യാതാക്കൾ അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്‌നേഹത്തിന്റെ ഉദ്ദേശം വിവരിച്ചിട്ടുള്ളത് അൽപ്പം അസാധാരണമായ ശൈലിയിലായത് കൊണ്ട് ധാരാളം ആളുകൾ അത് മനസിലാക്കുന്നതിന് ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഈ ഹദീസുകളിൽ വിവരിക്കപ്പെടുന്ന കാര്യം വളരെ വ്യക്തമാണ്. സ്‌നേഹം എന്നത് ഒരു സാധാരണ പദമാണ്. അതിന്റെ അർത്ഥം എല്ലാവർക്കും അറിയാവുന്നതുമാണ്. അത് തന്നെയാണ് ഇവിടത്തെ ഉദ്ദേശവും. എന്നാൽ അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്‌നേഹം, മാതാപിതാക്കളോടുംസന്താനങ്ങളോടുമുള്ളത് പോലെ രക്തബന്ധമോ മറ്റു പ്രകൃതിപരമായ കാരണങ്ങളാലോ ഉണ്ടാകുന്ന സ്‌നേഹമല്ല. മറിച്ച് ആത്മീയമായുംബുദ്ധിപരവുമായും ഉണ്ടാകുന്ന സ്‌നേഹമാണ്. അത് പൂർണ്ണതയിലെത്തുമ്പോൾ മറ്റ് സ്‌നേഹങ്ങളെ അത് കീഴ്‌പ്പെടുത്തുന്നു. അല്ലാഹു ഈസ്‌നേഹത്തിൽ നിന്നും അല്പമെങ്കിലും നൽകി അനുഗ്രഹിച്ചവർക്കെ്ല്ലാം ഇത് മനസ്സിലാകുന്നതാണ്. ചുരുക്കത്തിൽ നാം സ്‌നേഹം എന്നതുകൊണ്ട് അർത്ഥമാക്കുന്ന മാനസികാവസ്ഥ തന്നെയാണ് ഹദീസിൽപറയപ്പെട്ട സ്‌നേഹം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും നമ്മിൽ നിന്നുംആവശ്യപ്പെടുന്നതും. ആ സ്‌നേഹം നമ്മുടെ ഈമാനിന്റെ ആത്മാവിനെ പോലെയാണ്.
അല്ലാഹു ഖുർആനിൽ അരുളുന്നു: ''നബിയേ അങ്ങ് പറയുക, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുകുടുംങ്ങളും നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും നിങ്ങൾ നഷ്ടത്തെ ഭയക്കുന്ന കച്ചവടവും നിങ്ങൾ ഇഷ്ടപ്പെടുന്ന പാർപ്പിടങ്ങളുമാണ് അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും അവന്റെ മാർഗ്ഗത്തിൽ ത്യാഗപരിശ്രമം ചെയ്യുന്നതിനേക്കാളും നിങ്ങൾക്ക് പ്രിയപ്പെട്ടതെങ്കിൽ അല്ലാഹു അവന്റെ തീരുമാനത്തെ നടപ്പാക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കുക.ദുർമാർഗികളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല.'' (സൂറതുത്തൗബ).
മഹത്വ പൂർണ്ണമായ ഈ ആയത്ത്    അറിയിക്കുന്നത് സത്യവിശ്വാസികൾ, തങ്ങൾക്ക് സ്‌നേഹിക്കുവാൻ അർഹതയുള്ള മുഴുവൻ വസ്തുക്കളെക്കാളധികം അല്ലാഹുവിനെയും അവന്റെ റസൂലിനെയും അവന്റെ ദീനിനെയും സ്‌നേഹിക്കണമെന്നാണ്. അല്ലാഹുവിന്റെ പൊരുത്തവും, സന്മാർഗവും ലഭിക്കുന്നതും ഈമാൻ പൂർണ്ണമാകുന്നതും അപ്പോൾ മാത്രമാണ്. ഈ നിലയിലുള്ളവർക്ക് ഈമാനികമായ കടമകൾ നിർവ്വഹിക്കലും അല്ലാഹുവിന്റെയും റസൂലുല്ലാഹി (സ)യുടെയും കല്പനകൾ അനുസരിക്കലും എളുപ്പമാകുമെന്ന് മാത്രമല്ല പ്രിയപ്പെട്ട ജീവൻ വരെഈ വഴിയിൽ ബലിയർപ്പിക്കുന്നതിൽ അവർക്ക് രസമുണ്ടാകുന്നതുമാണ്. അല്ല്ാഹുവിനോടും റസൂലിനോടും ഇത്തരം സ്‌നേഹമില്ലാത്തവർക്ക് നിത്യേനയുള്ള നിർബന്ധാനുഷ്ഠാനങ്ങളും മറ്റ് പൊതുകടമകളുംഅങ്ങേയറ്റത്തെ ഭാരവും കയ്പുമായിരിക്കും. ഇനി അവർ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് നിയമത്തിന്റെ ചങ്ങലകളിൽ കുരുങ്ങിയായിരിക്കും. ഇതിനാലാണ് അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം മറ്റ് വസ്തുക്കളോടുള്ള സ്‌നേഹത്തേക്കാൾ കൂടുന്നത് വരെഈമാനിന്റെ ശരിയായ സ്ഥാനം കരസ്ഥമാക്കുവാനും ഈമാനിന്റെ മാധുര്യം അനുഭവിക്കുവാനും സാധിക്കുകയില്ല എന്ന് പറയപ്പെട്ടത്.
 ''അല്ലാഹുവേ, നിന്നോടും നിന്റെ റസൂലിനോടും നിന്നോട് സ്‌നേഹമുണ്ടാക്കുന്ന പ്രവർത്തനങ്ങളോടും നീ ഞങ്ങൾക്ക് സ്‌നേഹം തന്ന് അനുഗ്രഹിക്കേണമേ.''



ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.


Monday, November 13, 2017

ദര്‍സുല്‍ ഹദീസ് 3



 عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لا تَغْبِطَنَّ فَاجِرًا بِنِعْمَةٍ , 
فَإِنَّكَ لا تَدْرِي مَا هُوَ لاقٍ بَعْدَ مَوْتِهِ , إِنَّ لَهُ عِنْدَ اللَّهِ قَاتِلا لا يَمُوتُ رواه البغوي في شرح السنة

അബൂഹുറൈറ (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: ഒരുഅക്രമി (നിഷേധി അല്ലെങ്കില്‍ പാപി) ക്ക് ലഭിച്ച ഏതെങ്കിലും അനുഗ്രഹത്തില്‍ നീ അസൂയപ്പെടരുത്. കാരണം മരണശേഷം അവന്‍ കണ്ടുമുട്ടുന്ന പ്രയാസങ്ങളെ നീ അറിയുകയില്ല. അല്ലാഹുവിന്റെയടുക്കല്‍ (പരലോകത്ത്) അവനായി ഒരിക്കലും മരിക്കാത്ത ഒരു കൊലയാളിയുണ്ട്. (ഈ ഹദീസിനെ അബൂഹുറൈറ (റ)വില്‍ നിന്നും നിവേദനം ചെയ്ത അബ്ദുല്ലാഹിബ്‌നു അബീമര്‍യം പറയുന്നു). കൊലയാളി എന്നത് കൊണ്ട് റസൂലുല്ലാഹി  ഉദ്ദേശിച്ചത് നരകാഗ്നിയെയാണ് (എന്നെന്നും നരകത്തില്‍ കഴിയേണ്ട ഒരുവന് ലഭിച്ച താല്‍ക്കാലികമായ അനുഗ്രഹങ്ങളില്‍ അസൂയപ്പെടുന്നത് എത്ര വലിയ മണ്ടത്തരമാണ്).(ശറഹുസ്സുന്ന).

           വിവരണം: സമ്പല്‍സമൃദ്ധമായ ജീവിതം നയിക്കുന്ന നിഷേധികളെ കാണുമ്പോള്‍ ദുന്‍യാവില്‍ പ്രയാസങ്ങളനുഭവിച്ച് കഴിയുന്ന അല്ലാഹുവിന്റെ സദ്‌വൃത്തനായ ഒരു ദാസന്റെ ഹൃദയത്തില്‍ ശൈത്വാന്‍ പല ദുര്‍ബോധനങ്ങളും നടത്താറുണ്ട്. അത് കാരണമായി ഏറ്റവും കുറഞ്ഞത് അവന്റെ ഹൃദയത്തില്‍ അസൂയ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. എന്നാലത് അല്ലാഹുവിനോടുള്ള വലിയ നന്ദികേടാണ്. സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സ്വീകരിക്കാത്തതിന്റെ പേരില്‍ പരലോകത്ത് എന്നെന്നും നരകത്തില്‍ കഴിയേണ്ടവര്‍ക്ക് ദുന്‍യാവില്‍ ലഭിച്ച കുറഞ്ഞ അനുഗ്രഹങ്ങള്‍ കണ്ട് സത്യവിശ്വാസികള്‍ അസൂയപ്പെടരുതെന്ന് റസൂലുല്ലാഹി (സ)  ഉണര്‍ത്തുന്നു. കാരണം അവര്‍ക്ക് ലഭിച്ച സുഖ-സന്തോഷങ്ങള്‍ കഴുവിലേറ്റാന്‍ വിധിക്കപ്പെട്ടവന്റെ അന്ത്യാഭിലാഷങ്ങള്‍ സാധിച്ചുകൊടുക്കുന്നത് പോലെ മാത്രമാണ്. നബിമാര്‍ മുഖേന അല്ലാഹു അറിയിച്ച പരലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഉറച്ച വിശ്വാസമുള്ളവര്‍ സത്യനിഷേധികള്‍ക്ക് ലഭിച്ച ഭൗതികാനുഗ്രഹങ്ങളില്‍ അസൂയപ്പെടാതെ ദുഷിച്ച അന്ത്യത്തില്‍ നിന്നും തങ്ങളെ രക്ഷപെടുത്തിയ അല്ലാഹുവിനെ സ്തുതിച്ച്് കൊണ്ടിരിക്കുന്നതാണ്. ധിക്കാരികളായ സുഖലോലുപന്മാരെ കാണുമ്പോള്‍ അറിയാതെ അവരുടെ നാവില്‍ നിന്നും അല്ലാഹുവിനുള്ള ശുക്‌റും പ്രയാസങ്ങളില്‍ അകപ്പെടുന്നവരെ കാണുമ്പോള്‍ റസൂലുല്ലാഹി (സ) ചെയ്തിരുന്ന താഴെയുള്ള ദുആയും വന്നിരുന്നു.

 الحمد لله الذي عافاني مما ابتلاكَ به ، وفضَّلني على كثير ممن خلق تفضيلا

അര്‍ത്ഥം: അല്ലാഹുവിനാകുന്നു സര്‍വ്വസ്തുതിയും. അവന്‍ നിന്നെ പരീക്ഷിച്ച കാര്യങ്ങളില്‍ നിന്നും എന്നെ സുരക്ഷിതനാക്കി. അവന്‍ എന്നെ ധാരാളം സൃഷ്ടികളേക്കാളും ശ്രേഷ്ഠനാക്കി.

                                                            (അവലംബം: മആരിഫുല്‍ ഹദീസ് പേജ്: 318,319)

ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.


Monday, November 6, 2017

ദര്‍സുല്‍ ഹദീസ് 2



عَنْ عَدِيِّ بْنِ حَاتِمٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَا مِنْكُمْ مِنْ أَحَدٍ إِلَّا سَيُكَلِّمُهُ رَبُّهُ، لَيْسَ بَيْنَهُ وَبَيْنَهُ تُرْجُمَانٌ فَيَنْظُرُ أَيْمَنَ منه، فَلَا يَرَى إِلَّا مَا قَدَّمَ، وينطر أشأم مِنْهُ، فَلَا يَرَى إِلَّا مَا قَدَّمَ، وَيَنْظُرُ بَيْنَ يَدَيْهِ فَلَا يَرَى إِلَّا النَّارَ تِلْقَاءَ وَجْهِهِ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَة   
 متفق عليه


അര്‍ത്ഥം: അദിയ്യിബ്‌നു ഹാതിം (റ) പറയുന്നു: റസൂലുല്ലാഹി (സ) അരുളി: നിങ്ങളില്‍ ഓരോരുത്തരോടും അവരുടെ രക്ഷിതാവ് ഇടയില്‍ പരിഭാഷകനും മറയും ഇല്ലാതെ സംസാരിക്കുന്നതാണ്. (അപ്പോള്‍ അടിമ അമ്പരന്ന് അങ്ങോട്ടും ഇങ്ങോട്ടും നോക്കും) അവന്‍ വലതുവശത്തേക്ക് നോക്കുമ്പോള്‍ സ്വന്തം പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും കാണുകയില്ല. അവന്‍ ഇടത് വശത്തേക്ക്      നോക്കുമ്പോഴും സ്വന്തം പ്രവര്‍ത്തനങ്ങളല്ലാതെ മറ്റൊന്നും കാണുകയില്ല. അവന്‍ മുന്നിലേക്ക് നോക്കും.അപ്പോള്‍ മുന്നില്‍ നരകം മാത്രമായിരിക്കും കാണുന്നത്. ആകയാല്‍ ജനങ്ങളെ, കാരക്കയുടെ ഒരു കഷണം കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. (ബുഖാരി, മുസ്‌ലിം)

വിവരണം: നരകാഗ്നിയില്‍ നിന്നും രക്ഷപെടുന്നതിനായി ദാനധര്‍മ്മങ്ങള്‍ ചെയ്യുക. കാരയുടെ കഷണം മാത്രമാണ് കൈയിലുള്ളതെങ്കിലും അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്‍കുക. ഇതാണ് ഹദീസിന്റെ സന്ദേശം.പരിശുദ്ധ ഖുര്‍ആനിലും ഹദീസിലും അ്യദിനത്തിന്റെയും വിചാരണയുടെയും ഭീതിദമായ ദൃശ്യങ്ങളും നരകത്തിലെ ഭയാനക ശിക്ഷകളും വിവരിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്‍ അവ മനസ്സിലാക്കി അവയില്‍ നിന്നും രക്ഷപ്പെടുവാന്‍ പരിശ്രമിക്കുന്നതിന് വേണ്ടിയാണ്. ഉപ
രിസൂചിത ഹദീസിന്റെ അവസാന ഭാഗത്ത് ഈ ലക്ഷ്യം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇത് വ്യക്തമായി പറയപ്പെടാത്ത ഹദീസുകള്‍ക്കും ബാധകമാണിത്. ഈ വിഷയത്തില്‍ വന്നിട്ടുള്ള മുഴുവന്‍ ആയുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇതേ പാഠമാണ് നാം ഉള്‍ക്കൊള്ളേണ്ടത്.


ٍ

ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.

Monday, October 30, 2017

ദര്‍സുല്‍ ഹദീസ് 1



عَنِ ابْنِ عُمَرَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم : بُنِيَ الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَالحَجِّ، وَصَوْمِ رَمَضَان 
    رواه البُخاريُّ ومُسلِم

ഇബ്‌നു ഉമര്‍ (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: ഇസ്‌ലാമിന്റെ അടിസ്ഥാനം അഞ്ച് കാര്യങ്ങളാണ്. 1.അല്ലാഹുവല്ലാതെ ഇലാഹ് (ആരാധനക്കര്‍ഹന്‍) ആരുമില്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും സാക്ഷ്യം വഹിക്കുക. 2.നമസ്‌കാരം നിലനിര്‍ത്തുക. 3.സകാത്ത് കൊടുക്കുക. 4.ഹജ്ജ് നിര്‍വഹിക്കുക. 5.റമളാനില്‍ നോമ്പനുഷ്ഠിക്കുക.

      റസൂലുല്ലാഹി (സ) ഈ ഹദീസില്‍ ഇസ്‌ലാമിനെ ഒരു കെട്ടിടത്തോടും അഞ്ച് കാര്യങ്ങളെ അതിന്റെ തൂണുകളോടും ഉപമിച്ചു കൊണ്ട് അവയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്നിരിക്കുന്നു. ഈ അഞ്ച് കാര്യങ്ങളെ യഥാവിധി അനുഷ്ഠിക്കുന്നതില്‍ ഒരു മുസ്‌ലിമും വീഴ്ച വരുത്താന്‍ പാടില്ല. കാരണം അവ ദീനിന്റെ അടിസ്ഥാനശിലകളാണ്. എന്നാല്‍ ദീനിന്റെ അടിസ്ഥാനശിലകള്‍ ഈ അഞ്ചെണ്ണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ജിഹാദ്, നന്മയെ കല്‍പിക്കല്‍, തിന്മയെ തടയല്‍ എന്നിങ്ങനെയുള്ള ഒട്ടനവധി നിര്‍ബന്ധകടമകള്‍ വേറെയുമുണ്ട്. എങ്കിലും അടിസ്ഥാനപരമായ അഞ്ചു കാര്യങ്ങള്‍ക്കുള്ള പ്രാധാന്യം മറ്റൊന്നിനുമില്ല. അതിനാല്‍ ഈ അഞ്ചു കാര്യങ്ങളെ ഇസ്‌ലാമിന്റെ റുക്‌നുകള്‍ എന്ന് പറയപ്പെടുന്നു. ഒരാളിലെ ഇസ്‌ലാമിനെ തിരിച്ചറിയാനുപകരിക്കുന്നതും ഇസ്‌ലാമിന്റെ യാഥാര്‍ത്ഥ്യം കൂടുതലായി ഉളവാക്കാന്‍ ഉപയുക്തവുമാണ് ഈ കാര്യങ്ങള്‍. അതോടൊപ്പം അവ സംശുദ്ധ ഇസ്‌ലാമിക പ്രകൃതിയുടെ പ്രേരണയും എപ്പോഴും നിലനില്‍ക്കേണ്ടതുമാണ്.

(അവലംബം: മആരിഫുല്‍ ഹദീസ് പേജ്: 77,78
പ്രസിദ്ധീകരണം സയ്യിദ് ഹസനി അക്കാദമി)




ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.






ദര്‍സുല്‍ ഹദീസ് 6

عن عائشة رضي الله عنها قالت :سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ هَذِهِ الْآيَةِ : ( وَالَّذِينَ يُؤْتُونَ...