Monday, November 20, 2017

ദര്‍സുല്‍ ഹദീസ് 4


عَنْ أَنَسٍ رَضِيَ اللّه عَنْهُ عَنِ النَّبِيِّ صَلَّى اللّه عَلَيْهِ وَسَلَّمَ قال: " لا يُؤْمِنُ أَحَدُكُمْ حَتَّى 
أَكونَ أحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِه وَالنَّاسِ أَجْمَعينَ ". (متفق عليه

അനസ് (റ) പറയുന്നു. റസൂലുല്ലാഹി (സ) അരുളി: സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും മറ്റ് ജനങ്ങളേക്കാളും എന്നെ സ്‌നേഹിക്കുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി, മുസ്‌ലിം).

വിവരണം: ലോകത്തുള്ള മുഴുവൻ ജനങ്ങളേക്കാളും, എത്രത്തോളമെന്നാൽ സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും അല്ലാഹുവിന്റെ റസൂലിനെ സ്‌നേഹിക്കുമ്പോൾ മാത്രമാണ് ഒരു മുസ്ലിം പൂർണ്ണ മുഅ്മിൻ ആകുന്നത്. ഇതാണ് ഹദീസിന്റെ ആശയം. മറ്റൊരു ഹദീസിൽ ഈമാനിന്റെ മാധുര്യം അനുഭവിക്കുന്നതിനുള്ള നിബന്ധനയായി മറ്റു വസ്തുക്കളെക്കാൾ അധികം അല്ലാഹുവിനെയും അവന്റെ റസൂലിനെയും അവന്റെ ദീനിനെയും സ്‌നേഹിക്കണമെന്ന് പറയപ്പെട്ടിരിക്കുന്നു. ഇവിടെ അല്ലാഹുവിന്റെ റസൂലിനോടുള്ള സ്‌നേഹം മാത്രമാണ് പറയപ്പെട്ടത്. ഇവയിൽ ഒന്നിനോട് സ്‌നേഹമുണ്ടാകാതെ മറ്റുള്ളവയോട് സ്‌നേഹമുണ്ട്ാവുകയില്ല എന്നത് കൊണ്ടാണിത്.റസൂലുല്ലാഹി (സ)യോട് സ്‌നേഹമുണ്ടാകാതെ അല്ലാഹുവിനോടും അവന്റെ ദീനിനോടും സ്‌നേഹമുണ്ടാവുകയില്ല. തിരിച്ച് അല്ലാഹുവിനോടും അവന്റെ ദീനിനോടും സ്‌നേഹമുണ്ടാകാതെ റസൂലുല്ലാഹി (സ)യോടുള്ള സ്‌നേഹം സങ്കല്പിക്കാനാവുകയില്ല. കാരണം നമുക്ക് അല്ലാഹുവിനോടുള്ള ബന്ധവും സ്‌നേഹവും കൊണ്ടാണ് അവന്റെ റസൂൽ എന്ന നിലയിൽ നാം റസൂലുല്ലാഹി (സ)യെ സ്‌നേഹിക്കുന്നത്. ഇസ്‌ലാമിനോട് സ്‌നേഹമുണ്ടാകുന്നത് ഇതിന്റെ സ്വാഭാവിക പരിണിത ഫലമാണ്. അതിനാലാണ് ഈ ഹദീസിൽ ഈമാൻ പരിപൂർണ്ണമാകുന്നതിനുള്ള നിബന്ധനയായി റസൂലുല്ലാഹി (സ)യോടുള്ള സ്‌നേഹം മാത്രം പറയപ്പെട്ടത്. 
ഹദീസ് വ്യാഖ്യാതാക്കൾ അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്‌നേഹത്തിന്റെ ഉദ്ദേശം വിവരിച്ചിട്ടുള്ളത് അൽപ്പം അസാധാരണമായ ശൈലിയിലായത് കൊണ്ട് ധാരാളം ആളുകൾ അത് മനസിലാക്കുന്നതിന് ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഈ ഹദീസുകളിൽ വിവരിക്കപ്പെടുന്ന കാര്യം വളരെ വ്യക്തമാണ്. സ്‌നേഹം എന്നത് ഒരു സാധാരണ പദമാണ്. അതിന്റെ അർത്ഥം എല്ലാവർക്കും അറിയാവുന്നതുമാണ്. അത് തന്നെയാണ് ഇവിടത്തെ ഉദ്ദേശവും. എന്നാൽ അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്‌നേഹം, മാതാപിതാക്കളോടുംസന്താനങ്ങളോടുമുള്ളത് പോലെ രക്തബന്ധമോ മറ്റു പ്രകൃതിപരമായ കാരണങ്ങളാലോ ഉണ്ടാകുന്ന സ്‌നേഹമല്ല. മറിച്ച് ആത്മീയമായുംബുദ്ധിപരവുമായും ഉണ്ടാകുന്ന സ്‌നേഹമാണ്. അത് പൂർണ്ണതയിലെത്തുമ്പോൾ മറ്റ് സ്‌നേഹങ്ങളെ അത് കീഴ്‌പ്പെടുത്തുന്നു. അല്ലാഹു ഈസ്‌നേഹത്തിൽ നിന്നും അല്പമെങ്കിലും നൽകി അനുഗ്രഹിച്ചവർക്കെ്ല്ലാം ഇത് മനസ്സിലാകുന്നതാണ്. ചുരുക്കത്തിൽ നാം സ്‌നേഹം എന്നതുകൊണ്ട് അർത്ഥമാക്കുന്ന മാനസികാവസ്ഥ തന്നെയാണ് ഹദീസിൽപറയപ്പെട്ട സ്‌നേഹം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും നമ്മിൽ നിന്നുംആവശ്യപ്പെടുന്നതും. ആ സ്‌നേഹം നമ്മുടെ ഈമാനിന്റെ ആത്മാവിനെ പോലെയാണ്.
അല്ലാഹു ഖുർആനിൽ അരുളുന്നു: ''നബിയേ അങ്ങ് പറയുക, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുകുടുംങ്ങളും നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും നിങ്ങൾ നഷ്ടത്തെ ഭയക്കുന്ന കച്ചവടവും നിങ്ങൾ ഇഷ്ടപ്പെടുന്ന പാർപ്പിടങ്ങളുമാണ് അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും അവന്റെ മാർഗ്ഗത്തിൽ ത്യാഗപരിശ്രമം ചെയ്യുന്നതിനേക്കാളും നിങ്ങൾക്ക് പ്രിയപ്പെട്ടതെങ്കിൽ അല്ലാഹു അവന്റെ തീരുമാനത്തെ നടപ്പാക്കുന്നത് നിങ്ങൾ പ്രതീക്ഷിക്കുക.ദുർമാർഗികളെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല.'' (സൂറതുത്തൗബ).
മഹത്വ പൂർണ്ണമായ ഈ ആയത്ത്    അറിയിക്കുന്നത് സത്യവിശ്വാസികൾ, തങ്ങൾക്ക് സ്‌നേഹിക്കുവാൻ അർഹതയുള്ള മുഴുവൻ വസ്തുക്കളെക്കാളധികം അല്ലാഹുവിനെയും അവന്റെ റസൂലിനെയും അവന്റെ ദീനിനെയും സ്‌നേഹിക്കണമെന്നാണ്. അല്ലാഹുവിന്റെ പൊരുത്തവും, സന്മാർഗവും ലഭിക്കുന്നതും ഈമാൻ പൂർണ്ണമാകുന്നതും അപ്പോൾ മാത്രമാണ്. ഈ നിലയിലുള്ളവർക്ക് ഈമാനികമായ കടമകൾ നിർവ്വഹിക്കലും അല്ലാഹുവിന്റെയും റസൂലുല്ലാഹി (സ)യുടെയും കല്പനകൾ അനുസരിക്കലും എളുപ്പമാകുമെന്ന് മാത്രമല്ല പ്രിയപ്പെട്ട ജീവൻ വരെഈ വഴിയിൽ ബലിയർപ്പിക്കുന്നതിൽ അവർക്ക് രസമുണ്ടാകുന്നതുമാണ്. അല്ല്ാഹുവിനോടും റസൂലിനോടും ഇത്തരം സ്‌നേഹമില്ലാത്തവർക്ക് നിത്യേനയുള്ള നിർബന്ധാനുഷ്ഠാനങ്ങളും മറ്റ് പൊതുകടമകളുംഅങ്ങേയറ്റത്തെ ഭാരവും കയ്പുമായിരിക്കും. ഇനി അവർ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് നിയമത്തിന്റെ ചങ്ങലകളിൽ കുരുങ്ങിയായിരിക്കും. ഇതിനാലാണ് അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം മറ്റ് വസ്തുക്കളോടുള്ള സ്‌നേഹത്തേക്കാൾ കൂടുന്നത് വരെഈമാനിന്റെ ശരിയായ സ്ഥാനം കരസ്ഥമാക്കുവാനും ഈമാനിന്റെ മാധുര്യം അനുഭവിക്കുവാനും സാധിക്കുകയില്ല എന്ന് പറയപ്പെട്ടത്.
 ''അല്ലാഹുവേ, നിന്നോടും നിന്റെ റസൂലിനോടും നിന്നോട് സ്‌നേഹമുണ്ടാക്കുന്ന പ്രവർത്തനങ്ങളോടും നീ ഞങ്ങൾക്ക് സ്‌നേഹം തന്ന് അനുഗ്രഹിക്കേണമേ.''



ദർസുൽ ഹദീസ്  pdf ഫയലുകൾ ഡൗൺലോഡ് ചെയ്യാം.


No comments:

Post a Comment

ദര്‍സുല്‍ ഹദീസ് 6

عن عائشة رضي الله عنها قالت :سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ هَذِهِ الْآيَةِ : ( وَالَّذِينَ يُؤْتُونَ...